Tuesday, May 1, 2012

മേയ് ദിന ചിന്തകള്‍


മേയ് ദിനത്തില്‍ ചിന്തകള്‍ അല്ല, മറിച്ച് ഒരുപാട് ചോദ്യങ്ങളാണ് മനസ്സില്‍ പൊന്തി വരുന്നത്. ചില സാമ്പിളുകള്‍ ചുവടെ ചേര്‍ക്കുന്നു :

 1) പതിനഞ്ചു രൂപാ കൂലി പറഞ്ഞു ഉറപ്പിച്ചിട്ടു, സ്ഥലത്തു എത്തിയപ്പോള്‍ പത്തു രൂപാ പോരെ എന്നു ചോദിക്കുമ്പോള്‍, അമ്പതോടടുപ്പിച്ചു പ്രായം വരുന്ന ചടച്ചു മെലിഞ്ഞ റിക്ഷാകാരന്‍ ദയനീയതയോടെ അഞ്ചു രൂപയ്ക്കായി കെഞ്ചുന്നു. ചീര്‍ത്ത് വീര്‍ത്ത യാത്രക്കാരന്‍, കള്ളന്‍ എന്നു വിളിക്കുമ്പോള്‍ ആ പാവം ഒന്നും മിണ്ടാതെ തലയും കുനിച്ചു വണ്ടിയും കൊണ്ട് നീങ്ങുന്നു. ആരാണ് കള്ളന്‍? റിക്ഷാകാരന്‍ തന്നെ!! അത് കൊണ്ടാണല്ലോ അവന്‍ എന്നും ചടച്ചു മെലിഞ്ഞു ഇരിക്കുന്നത്; റിക്ഷാ ചവുട്ടി നീക്കുമ്പോള്‍ അവന്‍റെ കൈകള്‍ വിറയ്ക്കുന്നത് ആര് കാണാന്‍..അവന്‍റെ അവകാശമായ അഞ്ചു രൂപാ വാങ്ങി കൊടുക്കാന്‍ ആര് മുന്നോട്ട് വരും? വരുവിന്‍, നമുക്ക് സംഘടിക്കാം.

 2)രമ്യ(24), വിനീത(24); കൊല്‍ക്കത്തയിലെ AMRI hospital'ല്‍ ജോലി ചെയ്തിരുന്ന മലയാളി നേര്‍സുമാര്‍. 2011 ഡിസംബര്‍ 09നു ഉണ്ടായ തീ പിടുത്തത്തില്‍ ജീവന്‍ വെടിഞ്ഞവര്‍. അവര്‍ക്ക് വേണമെങ്കില്‍ സ്വന്തം ജീവന്‍ രക്ഷിക്കമായിരുന്നു, പക്ഷേ അവര്‍ തങ്ങള്‍ക്ക് ഡ്യൂട്ടി ഉണ്ടായിരുന്ന സ്ത്രീകളുടെ വാര്‍ഡിലെ 09 പേരില്‍ 08 പേരെയും രക്ഷപ്പെടുത്തി. ഫ്രാക്ചര്‍ കാരണം കിടപ്പിലായിരുന്ന ഒന്‍പതാമത്തെ രോഗിയെ പുറത്തു എത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവര്‍ തീയും പുകയും കാരണം..... പ്രിയപ്പെട്ട സഹോദരിമാരെ, നിങ്ങളുടെ ത്യാഗത്തിനു മുന്നില്‍ ഞാന്‍ തല കുനിക്കുന്നു.
ലോകമെമ്പാടും സ്തുത്യര്‍ഹമായ സേവനം കാഴ്ച വയ്കുന്നവര്‍ എന്ന പെരുമ ഉള്ളവരാണ് കേരളത്തിലെ നേര്‍സുമാര്‍. തുച്ഛമായ വേതനത്തിനാണ് അവര്‍ സമയ-കാലങ്ങള്‍ മറന്നു രോഗികള്‍ക്ക് സാന്ത്വനം ആകുന്നത്. മെച്ചപ്പെട്ട ആനുകൂല്യങ്ങള്ക്കും, സേവന വ്യവസ്ഥകള്‍ക്കുമായി അവര്‍ നിരന്തരം നടത്തുന്ന മുറവിളികള്‍ക്ക് നമുക്ക് കാതു കൊടുക്കാം. അവരെ ചൂഷണം ചെയ്തു കീശ വീര്‍പ്പിക്കുന്നവരെ ഒറ്റപ്പെടുത്താം. റിക്ഷാകാരനെ ചികില്‍സിക്കാത്ത മല്‍ട്ടി സ്പെഷ്യലിറ്റി ആശുപത്രികള്‍ നിര്‍മിക്കാന്‍ പാവപ്പെട്ട നേര്‍സുമാരുടെ ശംബളത്തില്‍ കൈ വെയ്ക്കണോ?

3)പ്രശസ്തനായ റഷ്യന്‍ സാഹിത്യകാരന്‍ 'ആന്‍റണ്‍ ചെഖോവ്'എഴുതിയ 'വാങ്ക' എന്ന ചെറു കഥയിലെ വാങ്ക എന്ന ബാലന്‍ തന്‍റെ അപ്പൂപ്പന് എഴുതുന്ന കത്ത് ആരുടേയും കണ്ണുകളെ ഈറന്നണിയിക്കും.ഗ്രാമത്തില്‍ താമസിക്കുന്ന അപ്പൂപ്പന്, തന്‍റെ യജമാനന്‍ എപ്പോഴും അടിക്കുന്നതും,ഭക്ഷണം കൊടുക്കാത്തതും, എത്ര ജോലി ചെയ്താലും വഴക്കു മാത്രം കിട്ടുന്നതും വാങ്ക  വിവരിക്കുന്നു. തന്നെ ഗ്രാമത്തിലേക്ക് കൂട്ടി കൊണ്ട് പോയാല്‍ അപ്പൂപ്പന്‍ പറയുന്നതു എല്ലാം കേള്‍ക്കാമെന്നും എത്രയും വേഗം വന്നു കൂട്ടി കൊണ്ട് പോകാനും അപേക്ഷിക്കുന്നു. തപാല്‍ പെട്ടിയില്‍ ഇടുന്ന എഴുത്തുകള്‍ ലോകത്തിന്‍റെ എല്ലാ ഭാഗത്തും എത്തുമെന്ന് കേട്ടിടുള്ള വാങ്ക, അപ്പൂപ്പന്‍റെ പേര് മാത്രം വിലാസം ആയി എഴുതി ആരും കാണാതെ തപാല്‍ പെട്ടിയില്‍ ഇട്ടതിനു ശേഷം അപ്പൂപ്പന്‍ എഴുത്ത് വായിച്ചിട്ടു തന്നെയും കൂട്ടി കൊണ്ട് പോകാന്‍ വരുന്നതും കാത്ത് പ്രതീക്ഷയോടെ ഇരിക്കുന്നിടത്ത് കഥ ഒരു നൊമ്പരത്തോടെ  അവസാനിക്കുന്നു. ഇന്ത്യ'യില്‍ 170 ലക്ഷം കുരുന്നുകള്‍ ബാല വേലയില്‍ ഏര്‍പ്പെട്ടിടുണ്ടെന്നാണ് ഗവണ്‍മെന്‍റ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
തക്കതായ വേതനം ഇല്ലാതെ, തങ്ങളുടെ ബാല്യം അവര്‍ ഇങ്ങനെ ചിലവഴിക്കുന്നത് ആരുടെ കുറ്റം കൊണ്ടാണ്? പാഠപുസ്തകങ്ങള്‍ പിടിക്കേണ്ട കൈകളില്‍ കരിങ്കല്ല് പിടിപ്പിക്കരുതേ.. കളിക്കളങ്ങളില്‍ കളിച്ചു നടക്കേണ്ട സമയത്ത് ഫാക്ടറികളിലും, ഹോട്ടല്‍കളിലും, പാടത്തും ഒക്കെ കഷ്ടപ്പെടുന്നത് തെറ്റായ നയങ്ങളും ലക്ഷ്യബോധം ഇല്ലാതെ നടപ്പിലാക്കുന്ന നിയമങ്ങളും ആണ്. തന്‍റെ സമപ്രായക്കാര്‍ പുത്തന്‍ ഉടുപ്പും പുസ്തകങ്ങളുമായി സ്കൂളില്‍ പോകുമ്പോള്‍ അവരിലാരെങ്കിലും ചോദിക്കും, എനിക്കെന്താ സ്കൂളില്‍ പോകാന്‍ പറ്റാത്തതെന്തെന്ന്?? അതിനു ഉത്തരം പറയേണ്ടത് നമ്മള്‍ ഓരോരുത്തരും ആണ്. ഇനിയും ഈ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇട വരരുത്. വരും തലമുറയുടെ ബാല്യം എങ്കിലും നമുക്ക് നേടിയെടുക്കാം...

Saturday, April 28, 2012

അവാര്‍ഡ് സിനിമയും ജനപ്രിയ സിനിമയും


സിനിമയെ കുറിച്ച് ആധികാരികമായി പറയാന്‍ ഞാന്‍ ആരുമല്ല. എങ്കിലും, ഒരുപാട് പടങ്ങള്‍ കാണുന്ന ഒരു പ്രേക്ഷകന്‍ എന്ന നിലക്ക്, എനിക്കു രണ്ടു വാക്ക് പറയാന്‍ ആരുടേയും പെര്‍മിഷന്‍ വേണ്ട!! 'മായാമോഹിനി' എന്ന ദിലീപ് ചിത്രത്തെ കുറിച്ച് നെറ്റില്‍ കണ്ട ഒരു റിവ്യു ആണ് ഈ ബ്ലോഗിന് ആധാരം.(ലിങ്ക്: ഇവിടെ വായിക്കുക )

തങ്ങള്‍ ആണ് യഥാര്‍ത്ഥ പ്രേക്ഷകര്‍ എന്നു മനസ്സില്‍ കരുതി നടക്കുന്ന പ്രിയ പുതു സോഫ്ട് വയ്ര്‍ സുഹൃത്തെ, താങ്കള്‍ ഒരു പടത്തെ പറ്റി എന്തു വേണമെങ്കിലും പറഞ്ഞോളൂ. പക്ഷേ മലയാള സിനിമ പ്രേക്ഷകനെ പറ്റി പറയാന്‍ ആളായിട്ടില്ല.

 "ഞാനീ മൂവി ഡീഗ്രേഡ് ചെയ്യാന്‍ വേന്റി പരയുന്നതല്ല, ബറ്റ് നമ്മലെപ്പോലെയുള്ള ഓഡിയന്‍സിന് പറ്റിയ മൂവി അല്ല ദിസ് മായാ-മോഹ്‌നി. ദി തിയറ്റര്‍ ഈസ് ഫുള്‍ ഓഫ് ലോ ക്ലാസ് പീപ്പിള്‍ ആന്‍ഡ് ദെ ആര്‍ ലാഫിങ് ആന്‍ഡ് ക്ലാപ്പിങ് ഓള്‍വെയ്‌സ്. ഐ ഡോണ്‍ട് നോ വൈ ദിസ് പീപ്പിള്‍ ആര്‍ ആന്‍ജോയ്ങ് ദീസ് കൈന്‍ഡ് ഓഫ് മൂവീസ്. പീപ്പില്‍ ആര്‍ നോട്ട് വാച്ചിങ് മാര്‍വെല്ലസ് മൂവീസ് ലൈക്ക് ഈ അടുറ്റ കാലറ്റ്, മേല്‍വിലാസം ആന്‍ഡ് ദോസ് മൂവീസ് ആര്‍ ഗെറ്റിങ് ഔട്ട്. "

 മംഗ്ലീഷില്‍ കുത്തി കുറിക്കുന്ന പ്രിയ സുഹൃത്തെ, താങ്കള്‍ ഇപ്പോള്‍ പറഞ്ഞ ഈ 'ലോ ക്ലാസ് പീപ്പിള്‍' ആണ് മലയാള സിനിമാ വ്യവസായത്തെ താങ്ങി നിറുത്തുന്നതെന്ന സത്യം മനസ്സിലാക്കണം. ഒരു വര്‍ഷം തിയറ്റര്‍'ല്‍ പോയി താങ്കള്‍ എത്ര പടങ്ങള്‍ കാണാറുണ്ട്? അതൊക്കെ പോയി കണ്ടു ഒരു വ്യവസായത്തെയും അനേകമായിരം കുടുംബങ്ങളെയും താങ്ങി നിറുത്തുന്നവരാണ് ഈ 'ലോ ക്ലാസ് പീപ്പിള്‍'. ഒരു ചിത്രം എടുക്കുന്ന സംവിധായകന്‍ ഒരിക്കലും തന്‍റെ കലാസൃഷ്ടി ആര്‍ക്കും വേണ്ടാത്ത ഒന്നാകാന്‍ ശ്രമിക്കുകയില്ല.
ഒരു സിനിമ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ നമുക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല,എന്നാല്‍ മറ്റൊരു അവസരത്തില്‍ അതേ പടം തന്നെ നമുക്ക് വല്ലാതെ ഇഷ്ടപ്പെട്ടെന്ന് വരും. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു പടത്തെ നല്ലതും ചീത്തയും ആക്കുന്നത് നമ്മുടെ തന്നെ മാനസികാവസ്ഥകള്‍ ആണ്.
മറ്റൊരു തരത്തില്‍ പറയാം:- പട്ടിണിയുടെയും, അടിച്ചമര്‍ത്തലുകളുടെയും, ചൂഷണത്തിന്‍റെയും കഥ പറയുന്ന സിനിമകള്‍ അവാര്‍ഡുകള്‍ വാരികൂട്ടും പക്ഷേ നമ്മുടെ സിനിമാ കൊട്ട്കകളില്‍ അമ്പേ പരാജയപ്പെടും. ശീതീകരിച്ച തിയേറ്ററുകളില്‍ ഇരുന്നു അവാര്‍ഡ് നിര്‍ണ്ണയിക്കുന്ന പുതു തലമുറയിലെ വിധി കര്‍ത്താക്കള്‍ക്കു, മുകളില്‍ പറഞ്ഞ ജെനുസ്സിലെ പടങ്ങള്‍ തങ്ങളുടെ സ്വന്തം ജീവിതങ്ങളില്‍ ഒരിയ്ക്കലും അനുഭവിക്കാത്ത വികാരങ്ങള്‍ക്ക് മുമ്പില്‍ സ്ഥ്ബ്ദരായി ഇരിക്കും. എന്നാല്‍ ഇതേ പടങ്ങള്‍ തിയറ്റേറില്‍ പോയി 'ലോ ക്ലാസ് പീപ്പിള്‍' ഒരിയ്ക്കലും കാണില്ല. അവര്‍ക്ക് ഇതൊന്നും ഒരു പുതുമ അല്ല, തങ്ങളുടെ ജീവിതത്തില്‍ എല്ലാ ദിവസവം അവര്‍ കാണുന്ന കാര്യങ്ങള്‍ അവര്‍ എന്തിന് പണം കൊടുത്തു കാണണം? ഇത്തിരി നേരം അവര്‍ എല്ലാം മറന്നു ഒന്നു ചിരിച്ചോട്ടെ..