Saturday, April 28, 2012

അവാര്‍ഡ് സിനിമയും ജനപ്രിയ സിനിമയും


സിനിമയെ കുറിച്ച് ആധികാരികമായി പറയാന്‍ ഞാന്‍ ആരുമല്ല. എങ്കിലും, ഒരുപാട് പടങ്ങള്‍ കാണുന്ന ഒരു പ്രേക്ഷകന്‍ എന്ന നിലക്ക്, എനിക്കു രണ്ടു വാക്ക് പറയാന്‍ ആരുടേയും പെര്‍മിഷന്‍ വേണ്ട!! 'മായാമോഹിനി' എന്ന ദിലീപ് ചിത്രത്തെ കുറിച്ച് നെറ്റില്‍ കണ്ട ഒരു റിവ്യു ആണ് ഈ ബ്ലോഗിന് ആധാരം.(ലിങ്ക്: ഇവിടെ വായിക്കുക )

തങ്ങള്‍ ആണ് യഥാര്‍ത്ഥ പ്രേക്ഷകര്‍ എന്നു മനസ്സില്‍ കരുതി നടക്കുന്ന പ്രിയ പുതു സോഫ്ട് വയ്ര്‍ സുഹൃത്തെ, താങ്കള്‍ ഒരു പടത്തെ പറ്റി എന്തു വേണമെങ്കിലും പറഞ്ഞോളൂ. പക്ഷേ മലയാള സിനിമ പ്രേക്ഷകനെ പറ്റി പറയാന്‍ ആളായിട്ടില്ല.

 "ഞാനീ മൂവി ഡീഗ്രേഡ് ചെയ്യാന്‍ വേന്റി പരയുന്നതല്ല, ബറ്റ് നമ്മലെപ്പോലെയുള്ള ഓഡിയന്‍സിന് പറ്റിയ മൂവി അല്ല ദിസ് മായാ-മോഹ്‌നി. ദി തിയറ്റര്‍ ഈസ് ഫുള്‍ ഓഫ് ലോ ക്ലാസ് പീപ്പിള്‍ ആന്‍ഡ് ദെ ആര്‍ ലാഫിങ് ആന്‍ഡ് ക്ലാപ്പിങ് ഓള്‍വെയ്‌സ്. ഐ ഡോണ്‍ട് നോ വൈ ദിസ് പീപ്പിള്‍ ആര്‍ ആന്‍ജോയ്ങ് ദീസ് കൈന്‍ഡ് ഓഫ് മൂവീസ്. പീപ്പില്‍ ആര്‍ നോട്ട് വാച്ചിങ് മാര്‍വെല്ലസ് മൂവീസ് ലൈക്ക് ഈ അടുറ്റ കാലറ്റ്, മേല്‍വിലാസം ആന്‍ഡ് ദോസ് മൂവീസ് ആര്‍ ഗെറ്റിങ് ഔട്ട്. "

 മംഗ്ലീഷില്‍ കുത്തി കുറിക്കുന്ന പ്രിയ സുഹൃത്തെ, താങ്കള്‍ ഇപ്പോള്‍ പറഞ്ഞ ഈ 'ലോ ക്ലാസ് പീപ്പിള്‍' ആണ് മലയാള സിനിമാ വ്യവസായത്തെ താങ്ങി നിറുത്തുന്നതെന്ന സത്യം മനസ്സിലാക്കണം. ഒരു വര്‍ഷം തിയറ്റര്‍'ല്‍ പോയി താങ്കള്‍ എത്ര പടങ്ങള്‍ കാണാറുണ്ട്? അതൊക്കെ പോയി കണ്ടു ഒരു വ്യവസായത്തെയും അനേകമായിരം കുടുംബങ്ങളെയും താങ്ങി നിറുത്തുന്നവരാണ് ഈ 'ലോ ക്ലാസ് പീപ്പിള്‍'. ഒരു ചിത്രം എടുക്കുന്ന സംവിധായകന്‍ ഒരിക്കലും തന്‍റെ കലാസൃഷ്ടി ആര്‍ക്കും വേണ്ടാത്ത ഒന്നാകാന്‍ ശ്രമിക്കുകയില്ല.
ഒരു സിനിമ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ നമുക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല,എന്നാല്‍ മറ്റൊരു അവസരത്തില്‍ അതേ പടം തന്നെ നമുക്ക് വല്ലാതെ ഇഷ്ടപ്പെട്ടെന്ന് വരും. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു പടത്തെ നല്ലതും ചീത്തയും ആക്കുന്നത് നമ്മുടെ തന്നെ മാനസികാവസ്ഥകള്‍ ആണ്.
മറ്റൊരു തരത്തില്‍ പറയാം:- പട്ടിണിയുടെയും, അടിച്ചമര്‍ത്തലുകളുടെയും, ചൂഷണത്തിന്‍റെയും കഥ പറയുന്ന സിനിമകള്‍ അവാര്‍ഡുകള്‍ വാരികൂട്ടും പക്ഷേ നമ്മുടെ സിനിമാ കൊട്ട്കകളില്‍ അമ്പേ പരാജയപ്പെടും. ശീതീകരിച്ച തിയേറ്ററുകളില്‍ ഇരുന്നു അവാര്‍ഡ് നിര്‍ണ്ണയിക്കുന്ന പുതു തലമുറയിലെ വിധി കര്‍ത്താക്കള്‍ക്കു, മുകളില്‍ പറഞ്ഞ ജെനുസ്സിലെ പടങ്ങള്‍ തങ്ങളുടെ സ്വന്തം ജീവിതങ്ങളില്‍ ഒരിയ്ക്കലും അനുഭവിക്കാത്ത വികാരങ്ങള്‍ക്ക് മുമ്പില്‍ സ്ഥ്ബ്ദരായി ഇരിക്കും. എന്നാല്‍ ഇതേ പടങ്ങള്‍ തിയറ്റേറില്‍ പോയി 'ലോ ക്ലാസ് പീപ്പിള്‍' ഒരിയ്ക്കലും കാണില്ല. അവര്‍ക്ക് ഇതൊന്നും ഒരു പുതുമ അല്ല, തങ്ങളുടെ ജീവിതത്തില്‍ എല്ലാ ദിവസവം അവര്‍ കാണുന്ന കാര്യങ്ങള്‍ അവര്‍ എന്തിന് പണം കൊടുത്തു കാണണം? ഇത്തിരി നേരം അവര്‍ എല്ലാം മറന്നു ഒന്നു ചിരിച്ചോട്ടെ..

No comments:

Post a Comment